കുത്തക ഭീമന്‍മാരുടെ വിനോദങ്ങള്‍

രാജീവ് ചേളനാട്ട്
Blog : http://rajeevechelanat.blogspot.com/



ഇരുപതിനായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടു.

അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക്‌ അംഗഭംഗവും ദുരിതവും സംഭവിച്ചു. നഷ്ടപരിഹാരമായി ഓരോരുത്തര്‍ക്കും കിട്ടിയതാകട്ടെ, 1989-ലെ ഇന്ത്യന്‍ രൂപയുടെ  വിനിമയമൂല്യമനുസരിച്ച്‌ കേവലം 12,414 രൂപ. അരനൂറ്റാണ്ടിലേറെക്കാലം
നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌. കുറ്റക്കാരായി കണ്ടെത്തിയ ഏഴു
മുന്‍ഉദ്യോഗസ്ഥര്‍ക്ക്‌ രണ്ടുവര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ വീതം പിഴ.
അപകടത്തിനുത്തരവാദിയായ മാതൃസ്ഥാപനത്തിന്റെ ഒരു ഉദ്യോഗസ്ഥന്‍ പോലും
ശിക്ഷിക്കപ്പെടുന്നുമില്ല.

ഇതൊക്കെയാണെങ്കിലും,യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ
മേധാവി വാറണ്‍ ആന്‍ഡേഴ്സണെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടതാണ്‌
ഭോപ്പാല്‍ സംഭവത്തിലുണ്ടായ ഏറ്റവും വലിയ അനീതി എന്ന രീതിയിലുള്ള വിലയിരുത്തല്‍
അല്‍പ്പം ബാലിശമാണ്‌. വമ്പന്‍ കോര്‍പ്പറേഷനുകളുടെ അമിതാധികാരത്തെക്കുറിച്ച്‌
1984-ലെ ഭോപ്പാല്‍ ദുരന്തം നല്‍കുന്ന പാഠങ്ങള്‍ കണ്ടില്ലെന്നു വെക്കുന്നത്‌ ഏറ്റവും
വലിയ തെറ്റും. 20,000 പേര്‍ (അധികവും ദരിദ്രര്‍) കൊല്ലപ്പെട്ട്‌ രണ്ടര ദശകം പിന്നിടുമ്പോഴും ഭോപ്പാല്‍
ഇന്നും കാര്‍ബൈഡ് വരുത്തിവെച്ച ദുരന്തം
അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

അഭിശപ്തമായ ഒരു പുതിയ കാലഘട്ടത്തിന്റെ സൂചനയാണ്‌
ഭോപ്പാല്‍. കോര്‍പ്പറേറ്റുകളുടെ മുകളിലുള്ള നിയന്ത്രണം ദുര്‍ബ്ബലമാകുന്നതിന്റെ
അടയാളമാണത്‌. മനുഷ്യരെ കുരുതികൊടുത്തുകൊണ്ടുപോലും എങ്ങിനെയും ലാഭം കയ്യടക്കാമെന്ന
കോര്‍പ്പറേറ്റുകളുടെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ധിക്കാരത്തിന്റെ പാരമ്യമാണ്‌
ഇന്ന്‌ മെക്സിക്കന്‍ ഗള്‍ഫില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീമമായ എണ്ണ ചോര്‍ച്ച.
30,000 മുതല്‍ 80,000 ബാരല്‍ വരെയാണ്‌ ദിവസവും കടലില്‍ ചോര്‍ന്നുകൊണ്ടിരിക്കുന
എണ്ണയുടെ കണക്ക്‌. ബ്രിട്ടീഷ്‌ പെട്രോളിയത്തിനെതിരെ ഒബാമ നടത്തിയ പരുഷ വാക്കുകള്‍
മിക്കതും നവംബറിനുമുമ്പ്‌ അദ്ദേഹം നടത്തിയ വാചകക്കസര്‍ത്തിന്റെ ആവര്‍ത്തനമായി കണ്ടാല്‍ മതിയാകും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ
സുപ്രീം കോടതി വിധികളില്‍നിന്നുതന്നെ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ ആവശ്യത്തിലെറെ
സമാധാനിക്കാനുള്ള വകയുണ്ട്.

2008-ലാണ്‌ ആദ്യത്തെ വിധി വന്നത്‌. 1989-ല്‍ സംഭവിച്ച
എക്സോണ്‍ വാല്‍ഡസ്‌ എണ്ണ ചോര്‍ച്ചയെക്കുറിച്ചുള്ള വിധി. അന്നുവരെ
സംഭവിച്ചതില്‍വെച്ചേറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു 1989-ലേത്‌. എന്നാല്‍,
എക്സോണ്‍ വാല്‍ഡസിലുണ്ടായ എണ്ണചോര്‍ച്ചയുടെ അളവ്‌, ഇന്ന്‌ ബി.പി.
ഉണ്ടാക്കിയിരിക്കുന്ന ചോര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവായിരുന്നു.
ബി.പി.യില്‍നിന്നുള്ള ചോര്‍ച്ച ഏപ്രിലില്‍ തുടങ്ങിയതാണ്‌. എക്സോണ്‍ കേസില്‍
1994-ല്‍ ഒരു ജൂറി 5 ബില്ല്യണ്‍ ഡോളറാണ്‌ കമ്പനിക്ക്‌ പിഴ ചുമത്തിയത്‌. 2006-ല്‍ ഒരു അപ്പീല്‍ കോടതി
അത്‌ 2.5 ബില്ല്യണ്‍ ഡോളറായി ചുരുക്കി. ജൂണ്‍ 2008-ലാകട്ടെ, സുപ്രീം കോടതി 80
ശതമാനം ഇളവ്‌ പിന്നെയും കൊടുത്തു കമ്പനിക്ക്‌. അങ്ങിനെ ഒടുവില്‍ അത്‌ ഏകദേശം 500 മില്ല്യണ്‍
ഡോളറിലെത്തി. ഓരോ പരാതിക്കാരനും കഷ്ടിച്ച്‌ 15,000 ഡോളര്‍ വീതം.
നഷ്ടപരിഹാരത്തിനെതിരെ വാദിച്ച എക്സോണ്‍ മേധാവി ലീ റയ്‌മണ്ടിന്‌ റിട്ടയര്‍
ചെയ്തപ്പോള്‍ കിട്ടിയതും 400 മില്ല്യണ്‍ ഡോളറായിരുന്നു. എക്സോണ്‍ വാല്‍ഡസിന്റെ
ഇരകള്‍ക്കും ഏറെക്കുറെ ആ സംഖ്യതന്നെയാണ്‌ കിട്ടിയത്‌. വീതം വെക്കാന്‍
മുപ്പത്തിമുവ്വായിരം ആളുകള്‍ ഉണ്ടായിരുന്നു എന്ന ‘ചെറിയ’ വ്യത്യാസം ഒഴിച്ചാല്‍.

വാള്‍സ്ട്രീറ്റിലെ സ്വാര്‍ത്ഥവാഹകസംഘം ലോകസമ്പദ്‌വ്യവസ്ഥയെ തകര്‍ത്തതും
അതേവര്‍ഷമായിരുന്നു. 2008 സെപ്തംബറില്‍. അമേരിക്കയിലും ലോകത്തിന്റെ
മറ്റിടങ്ങളിലുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ ജീവിതവും ജീവനോപാധികളുമാണ്‌ അവര്‍
ഇല്ലാതാക്കിയത്‌. എന്നിട്ടും വാള്‍ സ്ട്രീറ്റിലെ മേധാവികള്‍ ആ വര്‍ഷവും
ദശലക്ഷക്കണക്കിന്‌ ഡോളര്‍ എഴുതിവാങ്ങുകയും ചെയ്തു. നിവൃത്തിയില്ലാതെ ന്യൂയോര്‍ക്ക്‌
ടൈംസിനുപോലും മുഖപ്രസംഗം എഴുതേണ്ടി വന്നു. അഭൂതപൂര്‍വമായ നാശത്തില്‍നിന്നും
കരകയറാന്‍ എന്ന പടുന്യായം പറഞ്ഞ്‌, മുന്‍നിരയിലുള്ള ഒമ്പത്‌ ബാങ്കുകള്‍ക്ക്‌,
നികുതിദായകന്റെ കാശില്‍നിന്ന്‌ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മന്റ്
സമ്മാനിച്ചത് 125 ബില്ല്യണ്‍ ഡോളറാണ്‌.

മെക്സിക്കന്‍ കടലിടുക്കിനെ ബ്രിട്ടീഷ്‌ പെട്രോളിയം എണ്ണത്തടാകമാക്കുന്നതിന്‌ കേവലം മൂന്നു
മാസം മുന്‍പ്‌,Citizens United versus Federal Election Commission എന്ന
കേസിന്റെ വിധിയിലൂടെ യു.എസ്‌.സുപ്രീം കോടതി രണ്ടാമതൊരിക്കല്‍ക്കൂടി കോര്‍പ്പറേറ്റുകളുടെ
സഹായത്തിനെത്തി. റാള്‍ഫ്‌ നാദര്‍ അതിനെ കാണുന്നത്‌ ഇങ്ങനെയാണ്‌.
"..ഈ വിധിയിലൂടെ ഇനി കോര്‍പ്പറേഷനുകള്‍ക്ക്‌ എത്ര പണം
വേണമെങ്കിലും നിര്‍ബാധം ജനപ്രാതിനിധ്യ ചളിക്കുണ്ടിലേക്ക്‌ തള്ളാമെന്നു
വന്നിരിക്കുന്നു. പ്രാദേശിക-ദേശീയ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നവരെ
പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഇനിയവര്‍ക്ക്‌ എളുപ്പത്തില്‍ സാധിക്കും".
കൌണ്ടര്‍പഞ്ച്‌ ന്യൂസ്‌ ലെറ്ററിലെ മെസണ്‍ ജാഫ്‌നി മറ്റൊരു കാര്യം
ചൂണ്ടിക്കാണിക്കുന്നുണ്ട്‌. "ഇതിന്റെ പിന്നിലുള്ള ആശയം, കോര്‍പ്പറേറ്റ്‌ എന്നത്‌
നിയമസാധുതയുള്ള ഒരു വ്യക്തിയാണെന്നാണ്‌. ഉത്തരവാദിത്ത്വങ്ങളൊന്നുമില്ലെങ്കിലും,
അവകാശങ്ങളുള്ള, അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു വ്യക്തി. പണം ഇറക്കുന്നതും
അഭിപ്രായസ്വാതന്ത്യത്തിന്റെ ഒരു രൂപമാണ്‌" അതുകൊണ്ട്‌ ബി.പി.ക്ക്‌ ഇനിയും
തലയുയര്‍ത്തി നില്‍ക്കാം. പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌. കോണ്‍ഗ്രസ്സിലേക്കും
സെനറ്റിലേക്കും എണ്ണഭീമന്റെ കാശും വാങ്ങി ഇനിയുമെത്രപേര്‍ വരാനിരിക്കുന്നു!

ബി.പി.യുടെ എണ്ണചോര്‍ച്ചയെക്കുറിച്ച്‌ പറയുമ്പോള്‍ അമേരിക്കക്കാരോ വെള്ളക്കാരോ
അല്ലാത്തവരെക്കുറിച്ചും ഒരു നിമിഷം ചിന്തിക്കുക. Foreign Policy in Focus-ന്റെ
കോളമിസ്റ്റായ കോണ്‍ ഹാല്ലിനന്‍ പറയുന്നു. "1970-നും 2000-നുമിടയ്ക്ക്‌ 9000
എണ്ണചോര്‍ച്ചകളുണ്ടായിട്ടുണ്ടെന്ന്‌ നൈജീരിയന്‍ സര്‍ക്കാരിന്റെ കണക്കുകള്‍
കാണിക്കുന്നു. ഔദ്യോഗികമായി 2000 എണ്ണചോര്‍ച്ചകള്‍ അവിടെ ഇപ്പോള്‍ത്തന്നെ
നിലവിലുണ്ട്‌". പക്ഷേ,ആഫ്രിക്കന്‍ ജനങ്ങളുടെ ജീവന്‌ എന്തുവിലയാണുള്ളത്?

ഭോപ്പാല്‍ ദുരന്തം നടന്ന്‌ ഏഴുവര്‍ഷം കഴിഞ്ഞപ്പോഴാണ്‌ ലോകബാങ്കിന്റെ അന്നത്തെ മുഖ്യ
സാമ്പത്തികോദ്യോഗസ്ഥന്‍ ലാറി സമ്മേര്‍സ്‌ ആ കുറിപ്പെഴുതിയത്‌. മറ്റു പലതും
സൂചിപ്പിച്ച കൂട്ടത്തില്‍ "സ്വകാര്യമായി പറയുകയാണെങ്കില്‍, വൃത്തികെട്ട
വ്യവസായങ്ങളെ അവികസിത രാജ്യങ്ങളിലേക്ക്‌ കയറ്റിയയക്കുന്നത്‌ നമ്മള്‍ ലോകബാങ്ക്‌
പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? കൂലി കുറവുള്ള രാജ്യങ്ങളിലലേക്ക് വിഷമാലിന്യങ്ങള്‍
കൊണ്ടുചെന്നു തള്ളുന്നതിന്റെ സാമ്പത്തികയുക്തിയില്‍ ഒരു തെറ്റുമില്ല. നമ്മള്‍
അത്‌ പരിഗണിക്കുകതന്നെ വേണം" എന്നായിരുന്നു ഇന്ന്‌ കുപ്രശസ്തമായി മാറിയ അന്നത്തെ ആ
കുറിപ്പില്‍ ലാറി സമ്മേര്‍സ്‌ എഴുതിവെച്ചത്.താന്‍ തമാശ പറഞ്ഞതാണെന്നും വിരുദ്ധോക്തി പ്രയോഗിച്ചതാണെന്നുമൊക്കെ ആ മനുഷ്യന്‍
പിന്നീട്‌ മാറ്റിപ്പറയുകയും ചെയ്തുവെങ്കിലും അതൊന്നും ആരും മുഖവിലക്കെടുത്തില്ല. പിന്നീടയാള്‍
ഹാര്‍വാര്‍ഡിന്റെ പ്രസിഡന്റായി. ഇപ്പോള്‍ പ്രസിഡന്റ് ഒബാമയുടെ പ്രധാന സാമ്പത്തിക
ഉപദേഷ്ടാവാണ്‌ അയാള്‍.
1984-ലെ സര്‍ക്കാരിന്റെ നിന്ദ്യമായ മൂല്യബോധത്തില്‍നിന്ന്‌ ഒട്ടും വ്യത്യസ്തമല്ല ഇന്നത്തെ
സര്‍ക്കാരിന്റേതും എന്ന്‌ വെളിവാക്കുന്നതാണ്‌ ഭോപ്പാല്‍ വിധിയോടുള്ള യു.പി.എ.യുടെ പ്രതികരണം.
ഭോപ്പാലിനെക്കുറിച്ച്‌ വിലപിക്കുകയും, ആണവബാദ്ധ്യതാബില്‍ തയ്യാറാക്കുകയും ചെയ്യുന്ന
വിരോധാഭാസം സമാനതകളില്ലാത്തതാണ്‌. സംഭവം നടന്നതിനുശേഷമാണ്‌ ഭോപ്പാലിനെ
വിറ്റുതുലച്ചതെങ്കില്‍, ആണവബാദ്ധ്യതാബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍
രാജ്യത്തിനെ മുന്‍കൂട്ടി കുരുതിക്ക്‌ കൊടുക്കുകയാണ്‌ ചെയ്യുന്നത്. 1984-ലെ ഭോപ്പാലിന്റെ
കാര്യത്തില്‍ സര്‍ക്കാരിനു മാത്രമാണോ എന്തെങ്കിലും മറച്ചുവെക്കാനുള്ളത്‌?
കാര്‍ബൈഡിലെ തൊഴിലാളികള്‍ നടത്തിയ അട്ടിമറിമൂലമാണ്‌ ദുരന്തമുണ്ടായതെന്ന
കെട്ടിച്ചമച്ച കഥ സന്തോഷത്തോടെയാണ്‌ അന്ന്‌ ചില പത്രങ്ങള്‍ ഏറ്റെടുത്തത്‌.
അസംതൃപ്തനായ ഒരു തൊഴിലാളിയാണ്‌ ഈ ദുരന്തത്തിന്റെ പിന്നിലെന്ന്‌,
നാലുവര്‍ഷത്തിനുശേഷം, യൂണിയന്‍ കാര്‍ബൈഡിന്റെ പണം കൊണ്ട്‌ നടത്തിയ ഒരു 'പഠന'വും
അന്ന്‌ പുറത്തുവന്നിരുന്നു. അമേരിക്കന്‍ കോടതികളില്‍ തങ്ങളെ വിചാരണ ചെയ്യില്ലെന്ന്‌
ഉറപ്പുലഭിക്കാന്‍ കാര്‍ബൈഡിനും കഴിഞ്ഞു. കേസ്‌ കൈകര്യം ചെയ്യാന്‍ ഇന്ത്യന്‍
കോടതികളാണ്‌ കൂടുതല്‍ നല്ലതെന്ന്‌ 1985 ഡിസംബറില്‍ അമേരിക്കന്‍ കോടതികളെ
ബോദ്ധ്യപ്പെടുത്താന്‍, നാനി പല്‍ക്കിവാലയടക്കമുള്ള ഇന്ത്യന്‍
നിയമവിശാരദന്‍മാര്‍ക്ക്‌ സാധിച്ചു. അമേരിക്കന്‍ കോടതികളില്‍നിന്ന്‌ ഒരുപക്ഷേ
ലഭിക്കുമായിരുന്ന വലിയ ശിക്ഷയില്‍നിന്ന്‌ കാര്‍ബൈഡ്‌ അങ്ങിനെ സുഖമായി തലയൂരി.

കഷ്ടിച്ച്‌ പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍, ഉദാരവത്ക്കരണത്തിന്റെ പുതിയ പ്രതീകമായി
എന്‍‌റോണ്‍ ഉയര്‍ന്നുവന്നു. എന്‍‌റോണ്‍ സംഘം എത്ര യോഗ്യന്‍മാരാണെന്ന്‌ നമ്മെ
വിശ്വസിപ്പിക്കാനായിരുന്നു അന്ന്‌ ഉന്നതരായ അക്കാഡമീഷ്യന്‍സും, വിദഗ്ദ്ധന്‍മാരും
കോളമെഴുത്തുകാരും കഠിനദ്ധ്വാനം ചെയ്തത്‌. എര്‍‌റോണ്‍ കരാറിനെക്കുറിച്ച്‌ ആദ്യകാലത്തെ
വിമര്‍ശനങ്ങള്‍ക്കുശേഷമാണ്‌ ഈ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്‌.
ദശലക്ഷക്കണക്കിന്‌ ഡോളറുകളുടെ സഹായത്തോടെ ആ കമ്പനി നടത്തിയ ബോധവത്ക്കരണത്തിന്റെ
ഫലമായിരുന്നു ആ മനംമാറ്റം എന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
പരസ്യങ്ങളും നിര്‍ബാധം ഒഴുകി. എന്‍‌റോണിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്ന ഒരു പ്രമുഖ പത്രം
പിന്നീട്‌ അതിന്റെ പക്കമേളക്കാരായി മാറി. മറ്റു പലരും ഇതുതന്നെ ചെയ്തു.
ഫണ്ടുകള്‍ക്ക്‌ അത്തരം വിദ്യാഭ്യാസം നല്‍കാന്‍ എളുപ്പത്തില്‍ സാധിക്കും.
മഹാരാഷ്ട്രക്കും ഇന്ത്യക്കുതന്നെയും ഇത്‌ വിനാശകരമായി ഭവിച്ചു. ഒരിക്കല്‍
ലാഭത്തിലോടിയിരുന്ന സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്‌ ദശലക്ഷക്കണക്കിനു രൂപയാണ് നഷ്ടമായത്.
സംസ്ഥാനമാകട്ടെ, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സേവനമേഖലക്കുമുള്ള ധനസഹായം
വെട്ടിക്കുറച്ച്‌ ഇതിനെ മറികടക്കാന്‍ നോക്കി. എന്‍‌റോണ്‍ എന്ന നുണസാമ്രാജ്യം
അമേരിക്കയില്‍ നിലംപതിക്കുകയും അതിന്റെ ഉന്നതന്‍മാര്‍ നിയമത്തിന്റെ കയ്യില്‍
നിന്ന്‌ രക്ഷപ്പെടാന്‍ ഒളിവില്‍ പോവുകയും വരെ ഉണ്ടായി. നമ്മളാണ്‌ യഥാര്‍ത്ഥത്തില്‍
കുടുങ്ങിയത്‌. സി.ഐ.ടി.യു.വും അഭയ്‌ മേത്തയും എന്‍‌റോണിനെതിരെ കൊണ്ടുവന്ന പെറ്റീഷന്‍
സുപ്രീം കോടതി തള്ളിയപ്പോള്‍ വലിയൊരു വിപത്തില്‍നിന്ന്‌ രക്ഷപ്പെടാനുള്ള
നമ്മുടെ ഒരേയൊരു അവസരം കൂടി നമുക്ക്‌ നഷ്ടമാവുകയും ചെയ്തു.

ഒബാമയുടെ ഇപ്പോഴത്തെ ക്ഷോഭപ്രകടനം ബ്രിട്ടീഷ്‌ വികാരങ്ങളെ മുറിവേല്‍‌പ്പിച്ചുവെന്ന് ഒറ്റനോട്ടത്തില്‍
നമുക്ക്‌ തോന്നിയേക്കാം. എന്നാല്‍ സത്യത്തില്‍, കഴിഞ്ഞകാലങ്ങളില്‍ ബി.പി.യെ
സഹായിക്കാനും ലാഭകരമാക്കാനുമാണ്‌ അമേരിക്ക ശ്രമിച്ചിട്ടുള്ളത്‌. 'ചരിത്രത്തിലെ
ഏറ്റവും വലിയ സാമ്പത്തികസഹായം' എന്ന്‌ അലക്സാണ്ടര്‍ കോക്ക്‍ബേണ്‍ വിശേഷിപ്പിച്ച
പദ്ധതിയിലൂടെയാണ്‌, 1953-ല്‍ ഇറാനിലെ ആ കുപ്രശസ്തമായ അട്ടിമറി സി.ഐ.എ
സംഘടിപ്പിച്ചത്‌. മൊഹമ്മദ്‌ മൊസാദേയുടെ സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടമാക്കിയ നടപടി.
ചൂഷകസ്വഭാവം പ്രകടിപ്പിച്ചിരുന്ന ആംഗ്ളോ-ഇറാനിയന്‍ എണ്ണകമ്പനിയെ
ദേശസാല്‍ക്കരിക്കാന്‍ ഇറാന്‍ പാര്‍ലമെണ്ട്‌ ഐക്യകണ്‌ഠേന വോട്ടുചെയ്തപ്പോഴായിരുന്നു
അത്‌ നടപ്പാക്കിയത്. മൊസാദേയെ പുറത്താക്കി, ആ സ്ഥാനത്ത്‌ പടിഞ്ഞാറന്‍ എണ്ണകമ്പനികളുടെ സ്വന്തം
സില്‍ബന്തി ഷാ റിസ പഹ്‌ലാവിയെ എല്ലാവിധ കുടിലാധികാരങ്ങളോടെയും അമേരിക്ക കുടിയിരുത്തി.
പണ്ട്‌ അനുഭവിച്ചിരുന്ന സൌജന്യങ്ങളുടെ നാല്‍പ്പതു ശതമാനത്തോളവും തിരിച്ചുപിടിച്ച്‌,
ആംഗ്ളോ-ഇറാനിയന്‍ കമ്പനി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമായി പുനസ്സംഘടിക്കപ്പെട്ടു.
ബ്രിട്ടീഷ്‌ പെട്രോളിയം എന്ന പുതിയ പേരൊടെ. കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ മൂന്നാം ലോകങ്ങളില്‍
നടന്നിട്ടുള്ള അട്ടിമറികളെക്കുറിച്ച്‌ എഴുതാനിരുന്നാല്‍ എത്രയോ വോള്യങ്ങള്‍ വേണ്ടിവരും.

ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ്‌ ചെയ്തുകൂട്ടിയ കാര്യങ്ങളും ഒടുവില്‍ ഇന്ന് അത്‌
രക്ഷപ്പെട്ട വിധവും ആരെയും ഞെട്ടിക്കുകതന്നെ ചെയ്യുമെങ്കിലും, അതില്‍
അത്ഭുതപ്പെടാന്‍ മാത്രം അധികമൊന്നുമില്ല. ഭോപ്പാല്‍ ദുരന്തത്തിനുശേഷമുള്ള അര
നൂറ്റാണ്ടിനിടയ്ക്ക്‌ കോര്‍പ്പറേറ്റ്‌ ശക്തികള്‍ വളരുകതന്നെയായിരുന്നു.
സമൂഹങ്ങള്‍ക്കുമേല്‍ കോര്‍പ്പറേറ്റുകളും പൊതുതാത്‌പര്യങ്ങള്‍ക്കുമേല്‍
സ്വകാര്യലാഭേച്ഛയും അധീശത്വം നേടുമ്പോഴാണ്‌ ഭോപ്പാലുകള്‍ ഉണ്ടാകുന്നത്‌.
കോര്‍പ്പറേറ്റ്‌ ശക്തികളെ, അത്‌ ഇന്ത്യയുടെയായാലും അമേരിക്കയുടെയായാലും, തളക്കുക.
ഇല്ലെങ്കില്‍ അത്‌ നിങ്ങളെ പിച്ചിച്ചീന്തുകതന്നെ ചെയ്യും.

'ഇത്‌ ഇനിയൊരിക്കലും സംഭവിക്കരുത്‌' എന്ന്‌ ഭോപ്പാല്‍ ഇരകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്‌
നമുക്ക് ഓര്‍മ്മവേണം. എന്തെന്നാല്‍, അതിന്റെ നേര്‍വിപരീതമാണ്‌ ഇന്നു
നമ്മള്‍ ഉറപ്പുവരുത്തിക്കൊണ്ടേയിരിക്കുന്നത്‌. ഇന്ത്യന്‍ മണ്ണില്‍
സംഭവിച്ചേക്കാവുന്ന ആണവ അപകടങ്ങളില്‍നിന്ന്‌ അമേരിക്കന്‍ കോര്‍പ്പറേഷനുകള്‍ക്ക്‌
എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടതാണ്‌
ഇന്നത്തെ നിലയിലുള്ള ആണവബാദ്ധ്യതാബില്‍. ക്രൂരമെന്ന്‌ ഇന്ന്‌ നമ്മള്‍
വിശേഷിപ്പിക്കുന്ന തുച്ഛമായ നഷ്ടപരിഹാരം ഭാവിയില്‍ നിയമസാധുത
കൈവരിച്ചേക്കും. ലാറി സമ്മേര്‍സിനെ തിരികെ
ക്ഷണിക്കാം.



കടപ്പാട്‌: ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ Games big
corporation play എന്ന ലേഖനത്തിന്റെ പരിഭാഷ.