അസുരഗണം

എ.ആര്‍.നജീം
Blog : http://ar-najeem.blogspot.com/





മാനുഷ വംശത്തിനുണ്ടു പോലും
രണ്ടു ഗണങ്ങളെന്നാരോ ചൊല്ലി
ദേവഗണം പിന്നസുരഗണം
എന്താണ് സത്യമെന്നാരറിവൂ ?

നോക്കുകില്‍ ഞാനൊരസുരഗണം
പാപങ്ങള്‍ ചെയ്തതായോര്‍മ്മയില്ല
പിച്ചക്കു കേഴുന്നഗതിക്കുപോലുമെന്‍
ഭക്ഷണം നല്‍കി ഞാനാശ്വസിച്ചു .

എങ്കിലും ചൊല്ലിയകറ്റി നിര്‍ത്തി-
യെന്നെ, പാടില്ല ഞാനൊരസുര ഗണം
കഷ്‌ടങ്ങള്‍ പേറുന്ന കൂട്ടരെ പുച്‌ഛിച്ചി
ട്ടാനന്ദം കൊള്ളുന്നു ദേവഗണം .

രാവണനും, പിന്നെ വിഭീഷണനും
ആയിരുന്നല്ലോ അസുരഗണം
എന്തിനു നമ്മുടെ മവേലിത്തമ്പുരാന്‍
‍പോലും പിറന്നൊരസുരഗണത്തില്‍

പിന്നെന്തിനേകീ അവര്‍ക്കു ഭഗവാനാ
സത്യ ലോകത്തിലെ സിംഹാസനം ?
മോക്ഷങ്ങളൊക്കെയും നല്‍കി
അവര്‍ക്കിനിജന്മമില്ലാത്ത വരവുമേകി
എങ്കിലഭിമാന പൂരിതമാണെന്റെ
ജന്മം, ഞാനുമൊരസുരഗണമായതില്‍.